നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കണ്ട് ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസം ദിലീപ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം. മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെയാണ് കോടതി അലക്ഷ്യ കേസ് എടുക്കുക. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസിലെ വിധി വന്നശേഷം ഒരു മാധ്യമം പ്രതികരണം തേടിയപ്പോഴാണ് ചാള്‍സ് ഗുരുതരമായ പരാമര്‍ശം നടത്തിയത്. ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്നാണ് ചാള്‍സ് പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചില തെറ്റായ ധാരണകള്‍ കൊണ്ടാണ് ചാള്‍സ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് പിന്നീട് പല വിശദീകരണങ്ങളും പുറത്തുവരികയും ചെയ്തിരുന്നു.

ചാള്‍സിന്റെ പരാമര്‍ശം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അധിക്ഷേപിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് കേസെടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ പി ജെ പോള്‍സണാണ് ഇത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന പരാമര്‍ശമാണ് ചാള്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*