ആഗോള അയ്യപ്പ സംഗമം; വിവാദങ്ങൾ കൊഴുക്കുന്നു, ബദൽ സംഗമം സംഘടിപ്പിക്കാൻ ബിജെപി നീക്കം

ആഗോള അയ്യപ്പസംഗമത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ എതിർപ്പിന് ശക്തിപ്രാപിച്ചതോടെ വിവാദം കൊഴുക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിനെതിരെ വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാനാണ് ബി ജെ പി നീക്കം. ഈ മാസം 22 ന് അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കാനാണ് ആലോചന. ബി ജെ പി ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ചുള്ള സംഗമമായിരിക്കും നടക്കുക. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ബി ജെ പി ആരംഭിച്ചിരിക്കുന്നത്. യഥാർത്ഥ വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള അയ്യപ്പ സംഗമമാണ് നടത്തേണ്ടതെന്നാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും ആവശ്യപ്പെടുന്നത്. പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇടതമുന്നണിയുടെ തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമമെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശൻ ആരോപിച്ചിരുന്നത്. 2018 ൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാട് ശബരിമലയ്ക്ക് എതിരായിരുന്നു. സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലവും വിശ്വാസികൾക്ക് എതിരായിരുന്നു. ഈ സത്യവാങ്മൂലം നിലനിൽക്കെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ഇത് സുപ്രിംകോടതിയിൽ നിന്നും പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ ചോദ്യം. സർക്കാർ ഒരു വിശ്വാത്തേയും എതിർത്തിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സി പി ഐ എം എല്ലാകാലത്തും വിശ്വാസികളുടെ കൂടെയാണെന്നും, വർഗീയവാദികളാണ് ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നതെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണം. 2018ൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സ്വീകരിച്ച നിലപാടിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും, ശബരിമലയെ തകർക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അയ്യപ്പ ഭക്തരുടെ വോട്ടു തട്ടാനായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നുമാണ് ബി ജെ പിയും കോൺഗ്രസും ആരോപിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*