ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റില്‍ ഗ്യാസ് കയറുന്നത് പതിവാണോ? ഇതിന് മികച്ച പരിഹാരമാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാന്‍ പണ്ടുള്ളവരുടെ സ്ഥിരമായി ഉപയോഗിച്ചിരുന്ന പൊടിക്കൈയായിരുന്നു ഇത്. മല്ലിയില്‍ അടങ്ങിയ അസ്ഥിര എണ്ണകളാണ് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇതിലെ എണ്ണകൾ ദഹനനാളത്തിലെ പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും വയറ്റിലും കുടലിലും കുടുങ്ങിയ ഗ്യാസ് എളുപ്പത്തില്‍ പുറത്തേക്ക് പോകാനും സഹായിക്കും.
ഇത് ദഹനത്തിന് ആവശ്യമായ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണം ശരിയായി ദഹിക്കാൻ സഹായിക്കുകയും ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പെട്ടെന്ന് ആശ്വാസം കിട്ടാന്‍ മല്ലിയുടെ വിത്തുകൾ ചവയ്ക്കുകയോ അല്ലെങ്കിൽ മല്ലി ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മല്ലിവിത്തുകൾ ചെറുതായി വറുത്ത ശേഷം പൊടിക്കുന്നത് അതിന്റെ മണവും ഗുണം വര്‍ധിക്കാന്‍ സഹായിക്കും. വിത്തുകളായാലും പൊടിയായാലും ചൂടും ഈർപ്പവുമില്ലാത്ത എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
മല്ലിച്ചായ ഉണ്ടാക്കുന്നതെങ്ങനെ
ഒന്നര കപ്പ് വെള്ളം തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു ടീസ്പൂൺ മല്ലി വിത്തുകൾ ചേര്‍ക്കുക. ചെറു തീയില്‍ അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ നന്നായി തിളപ്പിക്കണം. വെള്ളത്തിന്റെ അളവ് ഒരു കപ്പായി കുറുകി കഴിയുമ്പോൾ തീ അണച്ച്, ചായ ഒരു അരിപ്പ ഉപയോഗിച്ച് കപ്പിലേക്ക് അരിച്ചെടുക്കുക. ദഹനം മെച്ചപ്പെടുത്താൻ ഈ മല്ലിച്ചായ ചൂടോടെ കുടിക്കാവുന്നതാണ്. ആവശ്യമെങ്കിൽ മധുരത്തിനായി അൽപ്പം തേൻ ചേർക്കാം.



Be the first to comment