
പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പി പി ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തി പണം തട്ടിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. അതിന് ശേഷമായിരിക്കും കോടതി വിഷയത്തില്‍ തുടര്‍ നടപടികളും തുടര്‍ വാദങ്ങളും കേള്‍ക്കുക.
അഡ്വ. ബൈജു നോയല്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിയില്‍ ശരിയായ അന്വേഷണം നടന്നാല്‍ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങുമെന്ന കാരണത്താല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
Be the first to comment