ചുമ മരുന്ന് മരണം; തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ പിടിയില്‍

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഫാർമസ്യൂട്ടിക്കൽ ഉടമ കസ്റ്റഡിയിൽ. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി.രംഗനാഥനെയാണ് കസ്റ്റഡിയിലെടുത്തത്. ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്.

ചുമ മരുന്ന് കഴിച്ചുള്ള മരണത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ശരിയായ പരിശോധന ഇല്ലാതെ ഒരു ബാച്ച് മരുന്നുകളും പുറത്തിറക്കുന്നില്ലെന്ന് ഉറപ്പാക്കണം. മരുന്ന് നിർമ്മാതാക്കളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ നിരീക്ഷിക്കണമെന്നും നിർദേശം. സംസ്ഥാനത്തെ ഡ്ര​ഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ രോഗബാധിതരായത്.

മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികളാണ് മരിച്ചത്, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*