ബസിൽ ലൈംഗികാതിക്രമം നേരിട്ടു, പരാതി നൽകി ഷിംജിത; അന്വേഷണം തുടങ്ങിയതായി പോലീസ്

ബസിൽ വെച്ച് മോശമായി പെരുമാറി, കൗണ്ടർ പരാതിയുമായി ഷിംജിത. പയ്യന്നൂർ പോലീസിന് മെയിൽ മുഖേന പരാതി നൽകി. പ്രാഥമിക അന്വേഷണം തുടങ്ങിയതായി പോലീസ്. ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന് ഷിംജിത പരാതിയിൽ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് 5.01 ന് പരാതി ലഭിച്ചെന്ന് പോലീസ്. അറസ്റ്റിന് മുൻപ് ഷിംജിത പരാതി തയ്യാറാക്കി. ഷിംജിത ഒപ്പിട്ട പരാതി പോലീസിന് കൈമാറിയത് സഹോദരൻ സിയാദാണ്.

ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽവെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്.

ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്.

എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന്‌ വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പോലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ല. സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*