നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിന്യായത്തില്‍ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ വിശദമാക്കുപ്പോള്‍ മുഴച്ചുനില്‍ക്കുന്നത് പ്രോസിക്യൂഷന്റെ വീഴ്ചകളാണ്. നടന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ല.
ബലാത്സംഗ ക്വട്ടേഷന്‍ എന്ന ആരോപണത്തില്‍ ഏറ്റവും സുപ്രധാനമായി മാറേണ്ടത് ദിലീപും പള്‍സര്‍ സുനിയുമായുള്ള സാമ്പത്തിക ഇടപാടുകളായിരുന്നു. എന്നാല്‍ ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയതിന്റെ തെളിവ് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ചാറ്റുകള്‍ ദിലീപ് ഡിലീറ്റ് ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഫോണ്‍ എന്തുകൊണ്ട് പരിശോധനയ്ക്ക് അയച്ചില്ലെന്നതാണ് പ്രോസിക്യൂഷനോടുള്ള കോടതിയുടെ സുപ്രധാന ചോദ്യം.
ജയിലില്‍ നിന്ന് പ്രതികള്‍ ദിലീപിനെ വിളിച്ചതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. മെമ്മറി കാര്‍ഡ് സൂക്ഷിച്ച ലോക്കര്‍ തുറന്നതിനും തെളിവില്ല. പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ചെന്ന വാദവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.
അതിജീവിതയുടെ മോതിരത്തിന്റെ ദൃശ്യം പകര്‍ത്തിയെന്ന പ്രോസിക്യൂഷന്‍ വാദം വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞതായും വിധി ന്യായത്തിലുണ്ട്. ഇരയുടെ തിരിച്ചറിയല്‍ ഉറപ്പാക്കാനാണ് മോതിരത്തിന്റെ ദൃശ്യം പകര്‍ത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 2017 നവംബര്‍ 22-ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമാണ് പോലീസ് ഇത് പറഞ്ഞിട്ടുള്ളത്. 2017 ഏപ്രില്‍ 18-ന് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. സംഭവം നടന്ന ശേഷം നടി പലതവണ മൊഴി നല്‍കിയിട്ടും മോതിരത്തിന്റെ ദൃശ്യം പകര്‍ത്തിയ കാര്യം എവിടെയും പറഞ്ഞിട്ടില്ല. ഈ മൗനം ദുരൂഹമാണെന്ന് കോടതി പറഞ്ഞതായും വിധിയിലുണ്ട്.
ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടും ആരാണ് ആ സ്ത്രീയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു. ദിലീപിനെ പൂട്ടണമെന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചത് ദിലീപ് ആണെന്ന് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.



Be the first to comment