
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.
ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലേ നേരിട്ട് ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
മൂന്നുമണിയോടെയാണ് ഷുക്കൂറിന്റെ കൊലപാതകം നടന്നത്. എന്നാല്‍ 11 മണിയോടെ ഷുക്കൂറും സംഘവും പി ജയരാജനും സംഘത്തിനുമെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റ് കൊല്ലപ്പെടുന്നത്.
കേസില്‍ ഓഗസ്റ്റ് 1 ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്‍കി. 2016 ഫെബ്രുവരി 8 നാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. 2019 ഫെബ്രുവരി 11 ന് പി ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Be the first to comment