സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക് എന്ന് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. മ്യുസിയം എസ്.എച്ച്.ഒ ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടത് ചൂണ്ടിക്കാട്ടി ഡിസിസി ജനറൽ സെക്രട്ടറി എം.എം. സഞ്ജിവ് കുമാർ ആണ് പരാതി നൽകിയത്.
ലൈസൻസ് ഇല്ലാത്ത മദ്യത്തിൻ്റെ ഉത്പ്പാദനം വ്യാജമദ്യ ഉത്പ്പാദനമാണെന്ന് ഹർജിക്കാരൻ്റെ വാദം. ബെവ്കോ , മലബാർ ഡിസ്റ്റിലറിസ് മാനേജിംഗ് ഡയറക്ടർ മാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യത്തിലാണ് റിപ്പോർട്ട് നൽകാൻ നിർദേശം. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ കഴിഞ്ഞദിവസമാണ് മിന്നൽ മാജിക് എന്ന പേര് മദ്യത്തിന് പ്രഖ്യാപിച്ചത്.
സർക്കാരിന്റെ പുതിയ മദ്യം ‘മിന്നൽ മാജിക്കിന്റെ’ ഉത്പാദനം പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റലറീസിൽ തുടങ്ങിയിരുന്നു. അര ലിറ്റർ കുപ്പിയിലെത്തുന്ന മദ്യത്തിന് 400 രൂപയാണ് വില. തുടക്കത്തിൽ മലബാർ മിസ്റ്ററി എന്നാണ് ബ്രാണ്ടിക്ക് പേരെന്നായിരുന്നു പ്രചാരം. എന്നാൽ അവസാന നിമിഷം മിന്നൽ മാജിക് എന്ന് പേര് മാറ്റുകയായിരുന്നു.



Be the first to comment