
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം ഇന്നലെ 1,010 ആയി വര്‍ധിച്ചതായാണ് കണക്ക്. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ ജലദോഷം അല്ലെങ്കിൽ പനി എന്നിവയാണ് ലക്ഷണങ്ങൾ. നിലവിലെ കൊവിഡ് വകഭേദങ്ങൾ പകരാവുന്നവയാണെങ്കിലും ഗുരുതരമല്ലെമാണ് വിദഗ്‌ധര്‍ പറയുന്നത്.
പുതിയ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനയ്‌ക്കെത്തുന്ന സാമ്പിളുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചതായി ഡോ. ഡാങ്സ് ലാബിന്‍റെ സിഇഒ ഡോ. അർജുൻ ഡാങ് പറഞ്ഞു. “ഒമിക്രോൺ വൈറസിന്‍റെ വകഭേദങ്ങളാണ് ഇപ്പോൾ പടരുന്നത്.
തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉപ വംശപരമ്പരകളായ LF7, NV.1.8.1. എന്നിവയാണ് കാണുന്നത്. ഇവ ആളുകളെ എളുപ്പത്തിൽ ബാധിക്കും. എന്നാല്‍ തീവ്രത നോക്കുകയാണെങ്കില്‍ ഇതുവരെ ഗുരുതരമായ കേസുകളൊന്നും ഞങ്ങള്‍ കണ്ടിട്ടില്ല”- അദ്ദേഹം വ്യക്തമാക്കി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ കേസുകള്‍ കുറവായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇതില്‍ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറൽ ഡോ. രാജീവ് ബഹൽ നേരത്തെ പ്രതികരിച്ചിരുന്നു. “സർക്കാരും ആരോഗ്യ ഏജൻസികളും കൊവിഡ്-19 കേസുകൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. നിലവിൽ സജീവമായ കേസുകളുടെ എണ്ണം കുറവാണ്. ഇന്ത്യയുടെ തെക്കൻ- പടിഞ്ഞാറൻ ഭാഗങ്ങളിലാണ് മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്”- അദ്ദേഹം പറഞ്ഞു.
Be the first to comment