വിഡിക്കെതിരെ വിഎസ്?; പറവൂരില്‍ സതീശനെതിരെ സുനില്‍കുമാറിനെ രംഗത്തിറക്കാന്‍ ആലോചന

രണ്ടു ടേം വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഇളവു നല്‍കാന്‍ സിപിഐ തീരുമാനം. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ഒല്ലൂരില്‍ കെ രാജന്‍ വീണ്ടും മത്സരിക്കും. മത്സരരംഗത്ത് രാജന്റെ മൂന്നാം ടേമാണ്.

മന്ത്രിമാരായ ജി ആര്‍ അനില്‍ നെടുമങ്ങാട്ടും പി പ്രസാദ് ചേര്‍ത്തലയിലും വീണ്ടും മത്സരിക്കും. ഇരുവരുടേയും ജനപിന്തുണയുടെ അടിത്തറയില്‍ വിജയം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം മന്ത്രി ചിഞ്ചുറാണിയെ ചടയമംഗലത്തിന് പകരം മറ്റൊരു മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് ആലോചന. ചാത്തന്നൂര്‍ മണ്ഡലം പരിഗണനയിലുണ്ടെന്നാണ് സൂചന. ചടയമംഗലത്ത് പുതുമുഖ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സംസ്ഥാന തല നേതാവിനെ രംഗത്തിറക്കാനാണ് സിപിഐയുടെ ആലോചന. സതീശനെതിരെ മുന്‍മന്ത്രി വി എസ് സുനില്‍ കുമാറിനെ രംഗത്തിറക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. പറവൂരിലെ പ്രാദേശിക വിഭാഗീയതയും, ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സുനില്‍കുമാറിനെ രംഗത്തിറക്കിയാല്‍ മറികടക്കാനാകുമെന്നും കണക്കുകൂട്ടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*