തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടല്‍ ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും അദ്ദേഹത്തെ ചുമതലപെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു വെള്ളാപ്പള്ളി സിപിഐക്ക് എതിരെ പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍ പ്രതികരണം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പരിഹസിച്ചത്. പത്ത് വര്‍ഷം സിപിഎമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, സിപിഐ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രമായിരുന്നു യോഗം ചേർന്നതെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. മുഖ്യമന്ത്രി മാറിനിൽക്കണമെന്ന തരത്തിൽ ചർച്ചയേ ഉണ്ടായിട്ടില്ല. മാധ്യമങ്ങൾ സ്വന്തം ഭാവനയിൽ നിന്നും കഥകൾ സൃഷ്ട്ടിക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ സമസ്തമേഖലകളും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. പരാജയപ്പെട്ടാൽ എല്ലാം തീർന്നുവെന്ന് ചിന്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ. ജനവിധി അംഗീകരിച്ച് തെറ്റ് തിരുത്തുന്ന പ്രവർത്തനങ്ങൾ നടത്തും. അതിനുള്ള ആർജവം ഇടതുപക്ഷത്തിനേ ഉള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.



Be the first to comment