
തൃശൂരിലെ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ നേതാവ്. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്. പരാതി നല്‍കിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം.
പരാതി നല്‍കിയത് വ്യക്തിപരമായാണ്. പാര്‍ട്ടിക്കതില്‍ പങ്കില്ല. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസു നടത്തുന്നത്. ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് ഇപ്പോഴെന്നും മുകുന്ദന് പറഞ്ഞു.
2001 മുതല്‍ 2005വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18മാസം പ്രസിഡന്റും ആയിരുന്നു മുകുന്ദന്. നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്.
തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞത് സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള് അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും യൂസഫലി പറഞ്ഞു.തൃശൂര്‍ ചിയ്യാരത്ത് തൃശ്ശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസ് കൊടുത്തത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് ബിസിനസുകാരുടെ പാദസ്പര്‍ശം കൊണ്ട് അനു?ഗ്രഹീതമാണ് തൃശൂര്‍. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് കരുതിവെയ്ക്കുന്ന സാംസ്കാരികപരവും പ്രൊഫഷണല്‍പരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസും വളര്‍ച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സദസിലിരിക്കുന്ന കുട്ടികളോട് വ്യക്തമാക്കി.
Be the first to comment