പി എം ശ്രീ പദ്ധതി, ധാരണാപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാർ

പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് CPI മന്ത്രിമാർ. മുഖ്യമന്ത്രിയെ സിപിഐ മന്ത്രിമാർ അതൃപ്തി അറിയിച്ചു. 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴും ഒപ്പിടുന്ന കാര്യം പറഞ്ഞിരുന്നില്ല.

സർക്കാർ ഒപ്പിടാൻ തീരുമാനിച്ചിട്ടില്ല എന്ന വിവരം പാർട്ടി കമ്മിറ്റികളെ അറിയിക്കുകയും ചെയ്തു. എന്നാൽ പതിനാറാം തീയതി തന്നെ ധാരണ പത്രത്തിൽ ഒപ്പുവെച്ചെന്നാണ് പുറത്തുവന്ന വിവരം. ഇത് തീർത്തും തെറ്റായ രീതിയാണെന്ന് CPI മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. അതൃപ്തി അറിയിച്ച് കൊണ്ട് നാല് സിപിഐ മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകി.

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിഐപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്.മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*