തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം; തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്

എറണാകുളം തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. സിപിഐയുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജില്ലയിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ട്. എന്നാൽ ഏറ്റവും രൂക്ഷമായ തർക്കം ജില്ലാ ആസ്ഥാനം നിൽക്കുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ്. 48 സീറ്റുകളാണ് ഇവിടെയുള്ളത്. അതിൽ വാർഡ് വിഭജനം വന്നപ്പോൾ നിലവിൽ സിപിഐഎം മത്സരിച്ചിരുന്ന ചില വാർഡുകൾ മറ്റു വാർഡുകളായി രൂപാന്തരപ്പെട്ടിരുന്നു. പക്ഷേ അതിപ്പോൾ സിപിഐയുടെ കൈവശമിരിക്കുന്ന വാർഡുകളുടെ പേരിലാണ് അറിയപ്പെടുന്നത്.

ആ രണ്ട് സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് സിപിഐഎം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നുള്ളതാണ് സിപിഐയുടെ നിലപാട്. പ്രാദേശിക തലത്തിൽ ഉൾപ്പെടെ പലതവണ ചർച്ച ചെയ്തിട്ടും സിപിഐഎം ആ വാർഡുകൾ വിട്ടുകൊടുക്കില്ലെന്ന നിലപാട് വന്നതോടെയാണ് സിപിഐയുടെ തൃക്കാക്കര സിറ്റി യൂണിറ്റ് ഇപ്പോൾ ജില്ലാ നേതൃത്വത്തിന് മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.

ഇന്നലെയും സംഭവത്തിൽ ചർച്ച നടന്നിരുന്നു. പക്ഷേ ഈ ചർച്ചയിൽ തീരുമാനമായിട്ടില്ല. ഇതോടുകൂടിയിട്ടാണ് ഇടതുപക്ഷം ഭരണത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന തൃക്കാക്കര നഗരസഭയിൽ മുന്നണിയിലെ പ്രധാന രണ്ട് കക്ഷികൾ തമ്മിൽ നേർക്കുനേർ മത്സരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നത്. ജില്ലാതലത്തിലെ ചർച്ചകൾ തീരുമ്പോൾ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*