പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം.രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പിന്നാലെ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.
സംസ്ഥാനത്ത് തന്നെ സി പി ഐ യുടെ കരുത്തുറ്റ കോട്ടകളിൽ ഒന്നാണ് കൊല്ലം. പക്ഷേ കഴിഞ്ഞ ഒരു വർഷമായി നടക്കുന്നത് അത്ര സുഖമുള്ള കാര്യങ്ങളല്ല. താഴെ തട്ടു മുതൽ നിഴലിക്കുന്ന ജില്ലയിലെ വിഭാഗീയത മുകൾ തട്ടുവരെ നില നിൽക്കുന്നു. പാർട്ടി സമ്മേളന കാലയളവിലാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. കുണ്ടറയിലും, കടയ്ക്കലും ജില്ലാ സെക്രട്ടറി പി എസ് സുപാൽ സ്വന്തം നോമിനികളെ കൊണ്ടുവന്ന് സമ്മേളനം പിടിച്ചെടുത്തുവെന്നാണ് ആരോപണം.
ഇതിന് പിന്നാലെ സി പി ഐ യ്ക്ക് ശക്തമായ വേരോട്ടം ഉള്ള കുണ്ടറയിലെ പ്രതിനിധികളിൽ ഭൂരിപക്ഷവും ജില്ലാ സമ്മേളനം ബഹിഷ്ക്കരിച്ചു. കടയ്ക്കലിലെ പ്രവർത്തകർ ജില്ലാ സമ്മേളന ഹാളിൽ നിന്ന് ഇറങ്ങി പോയി പ്രതിഷേധിച്ചു. പിന്നാലെ ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ എതിർ ചേരിയിലുള്ളവർ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
കഴിഞ്ഞയാഴ്ച കുണ്ടറയിൽ നിന്ന് 120 പേർ രാജി വെച്ചതിന് പിന്നാലെയാണ് കടയ്ക്കലിൽ നിന്ന് 700 ലധികം പ്രവർത്തകർ രാജിവെച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിലാണ് മുതിർന്ന നേതാവ് ജെ.സി. അനിലിന്റെ നേതൃത്വത്തിൽ കൂട്ടരാജി. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം. പ്രവർത്തകരുടെ കൂട്ടരാജിയിൽ നേതൃത്വവും രണ്ട് തട്ടിലാണ്.പ്രശ്ന പരിഹാരം വേണമെന്നും രാജിവെച്ചവരെ പാർട്ടിയിൽ തിരിച്ച് എത്തിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ അതു വേണ്ടയെന്നാണ് മറു വിഭാഗത്തിന്റെ മറുപടി. പ്രവർത്തകരുടെ കൂട്ട രാജിക്കിടെ ഇന്ന് സി പി ഐ ജില്ലാ കമിറ്റി യോഗം ചേരും. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചു.



Be the first to comment