‘പോലീസിന്റെ ചെയ്തികൾ നാട്ടുകാർ കാണുന്നുണ്ട്, പക്ഷെ റിപ്പോർട്ടിൽ ഇല്ല’; സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ പോലീസിനെതിരെ രൂക്ഷ വിമർശനം. പോലീസിനെതിരായ വിമർശനങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയ പാർട്ടി സംസ്ഥാന നേതൃത്വത്തെയും പ്രതിനിധികൾ കടന്നാക്രമിച്ചു. പോലീസിന്റെ ചെയ്തികൾ നാട്ടുകാർ കാണുന്നുണ്ടെന്നും എന്നിട്ടും ഇതൊന്നും റിപ്പോർട്ടിൽ ഇല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിനിധികളുടെ ചോദ്യം.

സിപിഐ ഉയർത്തിക്കൊണ്ടുവന്ന പൂരം കലക്കൽ വിഷയവും എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിമർശനങ്ങളും പോലും ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ റിപ്പോർട്ടാണ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചത്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിനെ വെറുപ്പിക്കേണ്ട എന്ന കരുതൽ ആയിരുന്നു നേതൃത്വത്തിന്റെ നീക്കം. എന്നാൽ ഈ കരുതൽ ഒന്നും കണക്കിലെടുക്കാതെ പൊതു ചർച്ചയിൽ പ്രതിനിധികൾ പോലീസിനെയും നേതൃത്വത്തിനെയും കടന്നാക്രമിച്ചു.

പോലീസിന്റെ ചെയ്തികൾ ദൃശ്യങ്ങൾ സഹിതം നാട്ടുകാർ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും സംസ്ഥാന സമ്മേളനത്തിലെ റിപ്പോർട്ടുകളിൽ ഇത് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നായിരുന്നു പൊതു ചർച്ചയിൽ ഉയർന്ന വിമർശനം. ആരാണ് പോലീസിനെ പിന്തുണയ്ക്കുന്നത്. ആരാണ് ഈ റിപ്പോർട്ട് എഴുതിയത് തുടങ്ങിയ ചോദ്യങ്ങളും പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ആഭ്യന്തര വകുപ്പ് സർക്കാരിന് കളങ്കമാണ്. പോലീസിനെ നിലയ്ക്കു നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും വിമർശനമുണ്ട്.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.

തെറ്റുകൾക്കെതിരെ ശബ്ദം ഉയർത്തുന്ന നേതൃത്വം സിപിഐക്ക് ഉണ്ടായിരുന്നു വെളിയം ഭാർഗവനും സി കെ ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിത് ഇതെന്ന് ഓർക്കണം തുടങ്ങിയ പരാമർശങ്ങൾ കൊണ്ടാണ് പ്രതികൾ ബിനോയ് വിശ്വത്തെ കടന്നാക്രമിച്ചത്. ദേശീയതലത്തിൽ പാർട്ടിയുടെ ദുർബലാവസ്ഥാ ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തെയും പ്രതിനിധികൾ വിമർശിച്ചു. ദേശീയതലത്തിൽ സമരങ്ങൾ പോലും ഏറ്റെടുക്കാൻ കഴിയാത്ത നേതൃത്വം തികഞ്ഞ പരാജയം ആണെന്നായിരുന്നു വിമർശനം. ദേശീയതലത്തിൽ കോൺഗ്രസിന് ഒപ്പവും സംസ്ഥാനത്ത് കോൺഗ്രസിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് സാധാരണക്കാർക്ക് മനസ്സിലാകുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

ലോകകേരള സഭയും ആഗോള അയ്യപ്പ സംഗമവും ഇടതു നയത്തിൽ നിന്നുള്ള വ്യതിയാനം ആണെന്നും സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനമുണ്ട്. ആരാണ് പൗരപ്രമുഖർ എന്ന് ചോദിച്ച പ്രതിനിധികൾ , അവർ പുതിയ കാലത്തെ ജന്മികൾ ആണെന്നും പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*