‘ആ പാര്‍ട്ടി സിപിഐ ആല്ല, ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല’; യൂസഫലിക്ക് മറുപടിയുമായി ബിനോയ് വിശ്വം

കൊച്ചി: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സിപിഐയില്ല. ഹര്‍ജി കൊടുത്തയാള്‍ തന്നെ സിപിഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്നലെ പറഞ്ഞിരുന്നു. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും യൂസഫലി പറഞ്ഞു. തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഴയ്ക്കലില്‍ മാള്‍ നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമായ ആമ്പല്ലൂര്‍ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. 2020 വരെ ഇരുപ്പൂകൃഷി ചെയ്തിരുന്ന ഇടമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഇയാള്‍ കേസ് കൊടുത്തത്. അദ്ദേഹം കേസുകൊടുത്തത് വ്യക്തിപരമായാണെന്നാണ് പാര്‍ട്ടിനിലപാട്. ഇപ്പോഴും കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*