പാനൂരിൽ വടിവാൾ വീശി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി വാഹനം വെട്ടിപ്പൊളിച്ചു

തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി സിപിഐഎം ആക്രമണം. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികൾ എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെ ആണ് സംഘർഷം ഉണ്ടാകുന്നത്. പോലീസ് ഇതിനിടെ ലാത്തി വീശി ഇരു പ്രവർത്തകരെയും സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുച്ചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.

സിപിഐഎമ്മിന്റെ അറിയപ്പെടുന്ന ഗൂണ്ടകളാണ് സംഘർഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. അധ്യാപകരും മർദിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു. അതേസമയം, പാനൂരിലുണ്ടായ ആക്രമണത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സി പി ഐ എം അക്രമം അവസാനിപ്പിക്കണമെന്നും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് അക്രമം നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*