പി എം ശ്രീ വിഷയത്തിൽ സി പി ഐ- സി പി ഐ എം തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകൾ അവസാനിച്ചെങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ വ്യക്തിപരമായ ആരോപണങ്ങളായി മാറിയെന്ന മന്ത്രി ശിവൻകുട്ടിയുടെയും സി പി ഐ എം ജന.സെക്രട്ടറി എം എ ബേബിയുടെയും പരാതികൾ പരിഹരിക്കാൻ സി പി ഐ നേതാക്കൾ. ബേബിക്കെതിരെ നടത്തിയ പരാമർശത്തിൽ സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു ക്ഷമാപണം നടത്തി. ബേബിയെ കുറിച്ചുള്ള പരാമർശത്തിൽ അതീവ ഖേദമുണ്ടെന്നും, വൈകാരികമായ പ്രതികരണമാണ് തന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും പ്രകാശ് ബാബുവ്യക്തമാക്കി.
പി എം ശ്രീ വിഷയത്തിൽ സർക്കാർ നയം മാറ്റാൻ തയ്യാറാവുകയും സി പി ഐക്ക് വഴങ്ങി കേന്ദ്രസർക്കാരുമായുണ്ടാക്കിയ കരാറിൽ നിന്നും കേരളം പിന്നാക്കം പോവാൻ തീരുമാനിച്ചതോടെയാണ് സി പി ഐ – സിപി ഐ എം പ്രശ്നം പരിഹരിക്കപ്പെട്ടത്. മുന്നണി മര്യാദ നഷ്ടപ്പെട്ടുവെന്നും, ഇരട്ടത്തു നിർത്തിയിരിക്കയാണ് എന്നും, ഇത് എന്ത് മന്ത്രിസഭയെന്നുമൊക്കെ ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പി എം ശ്രീയിൽ ഒപ്പിട്ടതിന് ശേഷം ഇടതുമുന്നണി പൊട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് മന്ത്രി ശിവൻകുട്ടിയ്ക്ക് നേരെ സി പി ഐ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.
മന്ത്രി ശിവൻകുട്ടി ഇന്നലെ ,സി പി ഐ നേതാക്കളുടെ പ്രതികരണവും വാക്കുകളും തനിക്ക് ഏറെ വേദനയുളവാക്കിയെന്ന് ആരോപിച്ചിരുന്നു. ഇതോടെയാണ് സി പി ഐ നേതാക്കൾ ക്ഷമാപണവുമായി രംഗത്തെത്തിയത്. ഇതോടൊപ്പം മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച എ ഐ എസ് എഫുകാർക്ക് കാരണം കാണിക്കൽ നോട്ടീസയക്കാനും പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കയാണ്. ഇതോടെ എല്ലാ പിണക്കങ്ങളും തീർന്നെന്നാണ് എം എ ബേബിയുടെ പ്രതികരണം.
പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരേയും സി പി ഐ എം നേതാക്കൾക്കെതിരേയും സി പി ഐ നേതാക്കൾ നടത്തിയ ആരോപണങ്ങളും പദപ്രയോഗങ്ങളും സംബന്ധിച്ച് കടുത്ത വിമർശനമാണ് മന്ത്രി ശിവൻകുട്ടി നടത്തിയിരുന്നത്. പി എം ശ്രീ വിഷയത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംസാരിക്കാനായി എം എൻ സ്മാരകത്തിലെത്തിയ തന്നെ പുച്ഛിക്കുന്നതരത്തിലാണ് മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചതെന്നായിരുന്നു ശിവൻകുട്ടിയുടെ പരാതി. തന്റെ അടുത്ത സുഹൃത്തുകൂടിയായ മന്ത്രി തന്നെ എവിടെ നിന്നോ കയറിവന്ന ഒരാൾ എന്ന നിലയിലാണ് വിശേഷിപ്പിച്ചതെന്നായിരുന്നു ശിവൻകുട്ടിയുടെ ആരോപണം.
തങ്ങളുടെ ചെറുത്തുനിൽപ്പ് ഫലം കണ്ടതോടെയാണ് സി പി ഐ എം നേതാക്കളെ അധിക്ഷേപിച്ചത് തെറ്റായിരുന്നുവെന്ന നിലപാടിലേക്ക് സി പി ഐ നേതാക്കൾ എത്തിയതും, നേരിൽ കണ്ട് വിവാദങ്ങൾ അവസാനിപ്പിച്ചതും. മന്ത്രി ജി ആർ അനിൽ നേരിട്ട് വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ക്ഷമാപണം നടത്തിയത്. പി എം ശ്രീയിൽ സി പി ഐ നിലപാട് ശക്തമാക്കിയതോടെ ഒപ്പിട്ട കരാർ റദ്ദുചെയ്യാൻ സർക്കാർ നിർബന്ധിക്കപ്പെടുകയായിരുന്നു.
ചട്ടിയും കലവുമാവുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇപ്പോൾ നമ്മൾ തമ്മിൽ നല്ല ബന്ധമാണെന്നും, കമ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ടെന്നായിരുന്നു ജി ആർ അനിലിന്റെ സന്ദർശനത്തിന് ശേഷം മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. മുന്നണി ബന്ധം കൂടുതൽ ശക്തമായതിന്റെ ആശ്വാസത്തിലാണ് സി പി ഐയും സി പി ഐ എമ്മും.



Be the first to comment