‘പാര്‍ട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും അറിയാം’; ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

സര്‍ക്കാര്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം. പാര്‍ട്ടി കൊണ്ടുവന്ന കോളജ് അടയ്ക്കാമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍. ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിയെന്ന് പിടിഐ അംഗം രാജിമോള്‍ പറഞ്ഞു.

ഒക്ടോബര്‍ 18നാണ് സംഭവം നടന്നത്. ഹോസ്റ്റല്‍, സ്വന്തമായി കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്ന പശ്ചാത്തലത്തിലാണ് സിവി വര്‍ഗീസ് ഒരു യോഗം വിളിക്കുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥി പ്രതിനിധികളോട് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ഥി പ്രതിനിധികളും പിടിഎ പ്രതിനിധിയും പ്രിന്‍സിപ്പലും അധ്യാപകരുടെ പ്രതിനിധിയുമാണ് ചര്‍ച്ചയ്ക്ക് പോയത്. ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഹോസ്റ്റല്‍ വേണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതാണ് സിവി വര്‍ഗീസിനെ ചൊടിപ്പിച്ചത്. ഞാനാരാണെന്ന് അറിയാമോ എന്ന് സിവി വര്‍ഗീസ് ചോദിച്ചെന്നും പാര്‍ട്ടി കൊണ്ടുവന്ന നഴ്‌സിങ് കോളജ് നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. നിങ്ങളുടെ രണ്ട് വര്‍ഷത്തെ പഠനം പോയിക്കിട്ടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപിയും രംഗത്തെത്തി. കോളജില്‍ കൊള്ളഫീസ് ചുമത്താന്‍ ഉള്‍പ്പെടെ സിവി വര്‍ഗീസ് ഗൂഢാലോചന നടത്തിയെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. വര്‍ഗീസിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന കോളജ് പ്രിന്‍സിപ്പലിനെ ആവശ്യമില്ല. നഴ്‌സിങ് കോളജിന് ഡാമേജ് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി താനായിരിക്കുമെന്ന് വര്‍ഗീസ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*