സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐഎമ്മും സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് സിപിഐഎമ്മിന്റെ ഹര്‍ജിയിലേയും ആവശ്യം.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിഎല്‍ഒയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ജോലി സമ്മര്‍ദവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാന ആവശ്യങ്ങളുമായി മുന്‍പ് മുസ്ലീം ലീഗും കോണ്‍ഗ്രസും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളില്‍ പൊതുവായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണെന്നും എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നുമാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആരോപണം.
നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്.



Be the first to comment