
ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജിപിയുടെ സ്വേഛാതിപത്യ നടപടിയാണ്. നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ലഡാക്ക് ജനതയുടെ മൗലിക അവകാശങ്ങള്‍ക്കും, ജനാധിപത്യ സ്വാതന്ത്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
സോനം വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കുകയും ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്യണം. ലഡാക്ക് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം. ലഡാക്കിനെ ആറാം ഷെഡ്യൂളിള്‍ ഉള്‍പ്പെടുത്തണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അതേസമയം, സോനം വാങ്ചുകിൻ്റെ അറസ്റ്റിന് പിന്നാലെ ലഡാക്കിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ലഡാക്കിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിച്ചു. ലേയിൽ നിരോധനാജ്ഞ നീട്ടി. ആൾക്കൂട്ടം ചേരുന്നതിനും മാർച്ചോ റാലിയോ നടത്തുന്നതിനും അനുവാദമില്ല. ഇൻറർനെറ്റ് നിരോധനം തുടരുന്നു. ലഡാക്കിന്റെ സുരക്ഷ കണക്കിലെടുത്ത് അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി.24 മണിക്കൂറും നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് സോനം വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത്.
വാങ്ചുകിൻ്റെ അറസ്റ്റിൽ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ലഡാക്കിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാർ ഏതൊരു വിയോജിപ്പിനെയും ദേശവിരുദ്ധമായി കണക്കാക്കുന്നുവെന്ന് ടിഎംസി എംപി സാഗരിക ഷോഷും വാങ് ചുകിന്റെ അറസ്റ്റ് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.
പ്രശ്നപരിഹാരത്തിന് ലെ അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് പ്രതിനിധികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി തിങ്കളാഴ്ച ചർച്ചകൾ നടത്തും. ഇന്ന് ചർച്ചകൾ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സോനം വാങ് ചുകിൻ്റെ അറസ്റ്റിന് പിന്നാലെയാണ് കൂടിക്കാഴ്ച മാറ്റിയത്.
Be the first to comment