സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി; ഗവർണറുമായി ചർച്ച അല്ലെങ്കിൽ നിയമ നടപടി; പോംവഴി തേടി സിപിഐഎം

സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധിക്ക് പോംവഴി തേടി സിപിഐഎം. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രതിസന്ധി സർക്കാരിന് തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പരിഹാരം കാണാൻ ആലോചന തുടങ്ങിയത്. ഗവർണറുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണ് പാർട്ടി പരിഗണിക്കുന്നത്.

വി.സി രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം, ഡിജിറ്റൽ സർവകലാശാലയിൽ അഴിമതി ആക്ഷേപം, കാലടി
സർവകലാശാലയിൽ വിസിക്ക് എതിരെ എസ്എഫ്ഐ സമരം, സാങ്കേതിക സർവകലാശാലയിൽ പരീക്ഷാ കലണ്ടറും ഫലപ്രഖ്യാപനവുംതാളം തെറ്റി. ഇതാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ സർവകലാശാലകളുടെ അവസ്ഥ. കലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആണെങ്കിലും ഇതിന്റെയെല്ലാം പഴി കേൾക്കേണ്ടി വരുന്നത് സർക്കാരിനാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് പോംവഴി തേടാൻ CPIM തീരുമാനിച്ചത്. ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിക്കുന്ന സമീപനമാണ് സർവകലാശാലകൾ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരം ഉണ്ടാകണമെങ്കിൽ ഗവർണറെ അനുനയിപ്പിക്കുകയോ നിയമ നടപടി സ്വീകരിക്കുകയോ വേണം. രണ്ട് നിർദ്ദേശങ്ങളിൽ ഏത് വേണം എന്നതിൽ വൈകാതെ തീരുമാനം ഉണ്ടാകും.

പ്രശ്ന പരിഹാരത്തിനുളള വഴി തേടി നേതൃത്വം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. താൽക്കാലിക വി.സി.നിയമനം സംബന്ധിച്ച് അടുത്തായാഴ്ച ഹൈക്കോടതി ഉത്തരവ് വരും. അതിന് ശേഷം തീരുമാനമെടുക്കാം എന്നാണ് ധാരണ. അതിനിടെ കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പനോട് വിസി മോഹനൻ കുന്നുമ്മൽ നിർദേശം നൽകി. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് മിനികാപ്പന്റെ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വി.സി സർവകലാശാല ആസ്ഥാനത്ത് എത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*