എസ്ഐആര്‍ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഐഎം. പാര്‍ട്ടിയും സര്‍ക്കാരും പ്രത്യേകം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്ന പ്രക്രിയയില്‍ നിന്ന് ഒരാളും ഒഴിഞ്ഞു നില്‍ക്കരുത്. മുഴുവന്‍ ആളുകളും വോട്ടര്‍ പട്ടിക പുതുക്കുക എന്ന പ്രക്രിയയില്‍ ഇടപെടണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. നിയമയുദ്ധം അതിന്റെ ഭാഗമായി തുടരാം – അദ്ദേഹം പറഞ്ഞു.
അതേസമയം, തീവ്ര വോട്ട് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത നാലാമെത്തെ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിലും എസ്ഐആര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. 84.31% ഫോം വിതരണം പൂര്‍ത്തിയായെന്ന കണക്ക് പെരുപ്പിച്ചതെന്ന് സിപിഐഎം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ് മതി തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണമെന്നും, അനാവശ്യ തിടുക്കം എന്തിനെന്നും സിപിഐ അഭിപ്രായപ്പെട്ടു. ബിഎല്‍ഒമാര്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്ഐആര്‍ മാറ്റിവയ്ക്കുന്നതിനോട് എതിരഭിപ്രായമില്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിക്കാന്‍ ആവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.



Be the first to comment