സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് വോട്ടുറപ്പിയ്ക്കണം; തദ്ദേശ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങളുമായി സി.പി.ഐ.എം

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി സി.പി.ഐ.എം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് ഇവരുടെ വോട്ടുറപ്പിയ്ക്കണമെന്ന് നിർദേശം. വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ പാർട്ടി ചാനലിൽ പരസ്യം നൽകാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുളള സെമിഫൈനലായി കണക്കാക്കപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹുമുഖ തന്ത്രങ്ങൾക്കാണ് സിപിഐഎം രൂപം കൊടുത്തിരിക്കുന്നത്. 2021ൽ ഭരണത്തുടർച്ച ലഭിച്ചതിന്റെ കാരണങ്ങളിലൊന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.ഇത്തവണയും തുടർഭരണംഉറപ്പാക്കാൻ ജാഗ്രതയോടയുളള പ്രവർത്തനം സംഘടിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ഒരിടത്തും ഒരു വീഴ്ച ഉണ്ടാകരുതെന്നും കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യം വെച്ച് പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുകയെന്നതാണ് സിപിഐഎമ്മിന്റെ ഒരു തന്ത്രം. ക്ഷേമ പെൻഷൻ,ലൈഫ് മിഷൻ വീടുകൾ, പട്ടയഭൂമി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിച്ചവർ എന്നിവരെ ലക്ഷ്യം വെച്ചാണ് വോട്ടുറപ്പിക്കൽ ശ്രമം. സഹായം ലഭിച്ച കുടുംബങ്ങളുടെ വിവരം ശേഖരിച്ച ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തനം നടത്തി വോട്ടുറപ്പിക്കണം എന്നാണ് നിർദ്ദേശം. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണം പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കണമെന്നും കീഴ് ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകി.

എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടി ചാനലായ കൈരളിയിൽ പരസ്യം നൽകണമെന്നും നിർദ്ദേശമുണ്ട്.മുസ്ളിം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുളള സ്ക്വാഡ് പ്രവർത്തനത്തിന് ന്യൂനപക്ഷ കേഡർമാരെ നിയോഗിക്കണം ക്ഷേത്രവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് ഇടയിൽ ടെമ്പിൾ കോ-ഓർഡിനേഷൻ- ക്ഷേത്ര കമ്മിറ്റി പ്രവർത്തകർ അടങ്ങുന്നവരെയാണ് സ്ക്വാഡ് പ്രവർത്തനത്തിന് നിയോഗിക്കേണ്ടതെന്നും സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*