കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്; യുഡിഎഫ് എന്തോ മറയ്ക്കുന്നു?; വിവരങ്ങള്‍ വൈകാതെ പുറത്തുവരും; എംവി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുറച്ചുസമയം കഴിയുമ്പോള്‍ അതിന്റെ വിവരം പുറത്തുവരും. വന്നപണം എങ്ങനെ കൈകാര്യം ചെയ്‌തെന്ന് പോലീസ് പരിശോധിക്കട്ടയെന്നും എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പതിവ് തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായാണ് പാലക്കാട്ടെ ഹോട്ടലിലും പരിശോധന നടന്നത്. ആ ഹോട്ടലില്‍ താമസിച്ചിരുന്ന സിപിഎമ്മിന്റെ ടിവി രാജേഷ്, നികേഷ് കുമാര്‍ എന്നിവരുടെ മുറികളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. അതുപോലെ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയും പരിശോധിച്ചത്. എന്തോ മറയ്ക്കാനുണ്ട് എന്നതില്‍ നിന്നാണ് ഇവര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. സമയമാകുമ്പോള്‍ അതിന്റെതായ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തുമ്പോള്‍ വനിതാ പോലീസ് ഉള്‍പ്പടെ ഉണ്ടായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പിനാണ് കോണ്‍ഗ്രസിന് കളളപ്പണം എത്തിയിട്ടുണ്ട്. അതിന്റെ എല്ലാ വിവരങ്ങളും കുറച്ചുസമയം കഴിയുമ്പോള്‍ വരും. എവിടെ നിന്ന് എങ്ങോട്ട് മാറ്റിയെന്നുളളത് വരാന്‍ പോകുന്നേയുള്ളു. വന്ന പണം എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്നതുള്‍പ്പടെ പോലീസ് പരിശോധിക്കട്ടെ. കള്ളപ്പണത്തിന്റെ എല്ലാവിവരവും കിട്ടിയിട്ടുണ്ട്. ആളെകൂട്ടി ബലപ്രയോഗം നടത്തി കേരളം മുഴുവന്‍ പാലക്കാട്ട് എത്തിച്ചാലും വോട്ട് ചെയ്യേണ്ടത് പാലക്കാട്ടെ ജനങ്ങളാണ്. അവര്‍ എല്‍ഡിഎഫ് സ്വതന്ത്രനെ ജയിപ്പിക്കും. എല്ലാ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കളളപ്പണം നല്ലപോലെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ശീലമുണ്ട്. അതിന്റെ ഭാഗമായാണ് പാലക്കാടും കള്ളപ്പണം ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. എന്തുവന്നാലും സിപിഎം -ബിജെപി ബാന്ധവമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിലൊന്നും കാര്യമില്ല. കൊടകര കള്ളപ്പണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കൊടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടില്ല, ഇന്‍കം ടാക്‌സ്, ഇഡി ഇടപെട്ടിട്ടില്ല. അതിന് കാരണം അത് ബിജെപിയാണെന്നുള്ളതാണ്. തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നുപറയുന്നതുപോലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടിനനുസരിച്ചാണ് ഇഡിയും മറ്റുള്ളവരും ഇടപെടുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*