
അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
വെന്റിലേറ്ററിലായ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് പി സി വിഷ്ണുനാഥും വിമര്‍ശിച്ചു. ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് 1411 പേരാണ് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത്. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 മാസമായി.ഉപകരണം വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് 114 കോടിയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുകയാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രിയെ കാണുമ്പോള്‍ വേവലാതിയാണ്. ആരോഗ്യമന്ത്രിയെ വേട്ടയാടി സര്‍ക്കാരിനെ ക്ഷീണിപ്പിക്കാം എന്ന് കരുതേണ്ടെന്ന് ടിഐ മധുസൂദനന്‍ പറഞ്ഞു.
Be the first to comment