ക്രിസ്ത്യൻ ഔട്ട്റീച്ച് പാളിയെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. ക്രിസ്റ്റിയൻ വോട്ട് കിട്ടുമെന്ന് പറഞ്ഞു ചില നേതാക്കൾ നേതൃത്വത്തെ പറ്റിക്കുന്നു. അതിന്റെ പേരിൽ കോടികൾ കൊണ്ടുപോയി. തൃശൂരിൽ ഉൾപ്പെടെ വോട്ട് ശതമാനം കുറഞ്ഞു. വോട്ട് ശതമാനം കുറഞ്ഞതിൽ നേതൃത്വം കാരണം വ്യക്തമാക്കണമെന്ന് വിമർശനം.
കേരളത്തിൽ ഉണ്ടായിരുന്ന ബിജെപി അനുകൂല തരംഗം മുതലെടുക്കാൻ കഴിഞ്ഞില്ല. ചില നേതാക്കൾ പാർട്ടി ഫണ്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുന്നതാനാണ് കണ്ണൂരിൽ ഇന്ന് യോഗം ചേർന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് നാല് പേരുകളാണ് പരിഗണനയിൽ. വി വി രാജേഷ്,ആർ ശ്രീലേഖ,കരമന അജിത്, വി ഗിരി എന്നിവരുടെ പേരുകൾ കേന്ദ്രത്തിനു അയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചർച്ചയായി.
ജില്ലാ പ്രസിഡന്റുമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കിയെന്ന് ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി. പഞ്ചായത്തുകളുടെ എണ്ണം കൂട്ടി. LDF വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് UDFന്. ഈ വികാരത്തിനു ഇടയിലും ബിജെപിക്ക് നേട്ടം ഉണ്ടായി.
ബിജെപിയെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിൽ UDF – LDF ഒന്നിച്ചു നിന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നഷ്ടമായത്. സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പല സ്ഥലങ്ങളിലും വോട്ട് ഇരുമുന്നണികളും മറിച്ചു. ഇന്ത്യ സഖ്യത്തിന്റെ തുടക്കം കേരളത്തിൽ വന്നുവെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.



Be the first to comment