ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഇനി ‘സുല്‍ത്താന്‍റെ’ സാന്നിധ്യമില്ല! ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി.
ആദ്യ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമിയിലേക്ക് നടന്നു കയറിയത്. മുഴുവൻ സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ അധികസമയത്താണ് രണ്ട് ഗോളുകളും പിറന്നത്. ബ്രസീലിന് വേണ്ടി നെയ്‌മറും, ക്രൊയേഷ്യക്ക് വേണ്ടി പെറ്റ്‌കോവിച്ചുമാണ് ഗോൾ നേടിയത്.
നെയ്‌മറും വിനീഷ്യസും അടങ്ങുന്ന പേരുകേട്ട ബ്രസീലിയൻ മുന്നേറ്റ നിരയ്ക്ക് ക്രൊയേഷ്യൻ പ്രതിരോധത്തെ മറികടക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഒന്നാം പകുതിയിൽ ബ്രസീൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഒരെണ്ണംപോലും ഗോൾ വലയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. എന്നാൽ മറുഭാഗത്ത് ക്രൊയേഷ്യയാവട്ടെ നന്നായി പ്രതിരോധിക്കുകയും അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്‌തെങ്കിലും ലീഡ് നേടാമെന്ന മോഹം ബാക്കിയായി.
ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ കാനറികൾ പുറത്തേക്ക്.
Be the first to comment