കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് കോടികള്‍ ; ജീവനക്കാരെ ചോദ്യം ചെയ്യും

മലപ്പുറം : കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് ഏഴ്കോടി രൂപ തട്ടിയ സംഭവത്തിൽ 79 അ‌ക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തൽ. 10 അകൗണ്ടുകൾ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജറുടെ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് പോലീസ് പറഞ്ഞു.

കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ നിന്നാണ് 221 പവൻ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. പ്രതികൾക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായിട്ടാണ് പോലീസിൻ്റെ നിഗമനം. ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒരു കോടിയുടെ തട്ടിപ്പ് എന്നായിരുന്നു ആദ്യ പരാതി.

എന്നാൽ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ള ഗോൾഡ്‌ അപ്രൈസറുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ശാഖയിലെ ഗോൾഡ്‌ അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരിപോലീസ് കസ്റ്റഡിയിലെടുത്തത്.

ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ സമാനമായ രീതിയിൽ പല തവണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*