കാഴ്ചയിൽ കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാൻ ജീരകം ബെസ്റ്റാണ്. വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്.
രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് കുതിർത്ത് വെച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം, അല്ലെങ്കിൽ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റി കുടിക്കാവുന്നതുമാണ്. വെറും ജീരകവെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ജീരകവും നാരങ്ങയും ചേർത്തൊരു ഡ്രിങ്ക് ഉണ്ടാക്കാം.
ജീരകം പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് നാരങ്ങയും. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിൻ്റെ ആരോഗ്യത്തിനും മികച്ചതാണ്.
ചേരുവകൾ
- ജീരകം – ഒരു ടീസ്പൂൺ
- ഒരു ഗ്ലാസ് വെള്ളം
- അര കഷണം നാരങ്ങ
- ഒരു ടീസ്പൂൺ തേൻ
തയ്യാറാക്കേണ്ട വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഒരു രാത്രി മുഴുവൻ കുതിർക്കാൻ വെയ്ക്കാം. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം. ശേഷം തീ ഓഫ് ആക്കി, വെള്ളം ആറാൻ വയ്ക്കാം.
ചൂട് ഒന്നു ആറിയശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.



Be the first to comment