കറിവേപ്പിലയോ മല്ലിയിലയോ, ഏതാണ് ആരോ​ഗ്യ​ഗുണത്തിൽ മുന്നിൽ

നമ്മുടെ നാടൻ ഭക്ഷണങ്ങളിൽ കറിവേപ്പിലയും മല്ലിയിലയും കേവലം അലങ്കാരമല്ല, അവ ആരോ​ഗ്യ​ഗുണങ്ങളുടെ കലവറ കൂടിയാണ്. ഇതിലേതാണ് മെച്ചമെന്ന ചോദിച്ചാൽ,കറിവേപ്പിലയിൽ ഇരുമ്പ്, കാൽസ്യം, നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ കറിവേപ്പില സഹായിക്കും. കൂടാതെ വിഷാംശങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്നും കരളിനെ സംരക്ഷിക്കാൻ ഇവ സഹായിക്കും. മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും അകാല നര തടയാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നത് നല്ലതാണ്.

അതേസമയം, മല്ലിയില്ലയിൽ വിറ്റാമിൻ കെ,സി, ഫോളേറ്റ് പോലുള്ള പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നത് വഴി ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. ശരീരത്തിലെ ഘനലോഹങ്ങളെ നീക്കം ചെയ്യാനുള്ള പ്രത്യേക കഴിവ് മല്ലിയിലയ്ക്കുണ്ട്.

കറിയിൽ എണ്ണ താളിക്കുമ്പോഴാണ് സാധാരണ കറിവേപ്പില ഉപയോഗിക്കുന്നത്. ഇത് അവയിലെ പോഷകങ്ങൾ ശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാക്കും. എന്നാൽ മല്ലിയില ചൂടാക്കുമ്പോൾ അവയിലെ വിറ്റാമിൻ സി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കറിവേപ്പിലയിലെ ഇരുമ്പ് സത്ത് ശരീരം നന്നായി ആഗിരണം ചെയ്യാൻ മല്ലിയിലയിലെ വിറ്റാമിൻ സി സഹായിക്കും. അതിനാൽ ഇവ രണ്ടും ചേർത്ത് ചമ്മന്തിയായോ മറ്റോ ഉപയോഗിക്കുന്നത് ഇരട്ടി ഗുണമാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • എന്താണെങ്കിലും മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. അമിതമായാൽ കറിവേപ്പില പ്രമേഹ രോഗികളെ ബാധിക്കാം. കൂടാതെ, കറിവേപ്പില അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകാം.
  • പച്ചയ്ക്ക് ഉപയോഗിക്കുന്നതിനാൽ മല്ലിയില ഉപ്പുവെള്ളത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ഇല്ലെങ്കിൽ ചിലർക്ക് ചർമ്മ പ്രശ്നമുണ്ടാക്കാം.
  • ദീർഘകാല ആരോഗ്യത്തിനും പ്രമേഹം, കരൾ സംരക്ഷണം എന്നിവയ്ക്കും കറിവേപ്പില മികച്ചതാണ്. എന്നാൽ പെട്ടെന്നുള്ള ഊർജത്തിനും വിറ്റാമിനുകൾക്കും ദഹനത്തിനും മല്ലിയിലയാണ് നല്ലത്. രണ്ടും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.

Be the first to comment

Leave a Reply

Your email address will not be published.


*