സൈബര്‍ അതിക്രമ കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിക്ക് നേരെയുണ്ടായ സൈബര്‍ അതിക്രമ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം.

പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലല്ലെന്നും രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ അടക്കം രാഹുല്‍ ഈശ്വറിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാകും പ്രോസിക്യൂഷന്‍ വാദം. കേസില്‍ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

അതിജീവിതയുടെ വിവാഹഫോട്ടോ ഫേസ്ബുക്കില്‍ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തത് എന്നും അത് പ്രചരിപ്പിച്ചതില്‍ പങ്കില്ല എന്നുമാകും സന്ദീപിന്റെ വാദം. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി രാഹുലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ രാഹുലിന്റെ വീട്ടിലും ടെക്‌നോപാര്‍ക്കിലെ ഓഫീസിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തി. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*