
തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ബിന്ദുവിനെ 20 മണിക്കൂർ പേരൂർക്കട പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി, അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജില്ലാ പോലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥ ഡിവൈഎസ്പി നെ നിയമിക്കണം.പോലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇരയായ ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സി.സി.റ്റി.വി ദ്യശ്യങ്ങൾ പരിശോധിക്കണം. ജനറൽ ഡയറി, എഫ്.ഐ. ആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
മോഷണ കേസിലെടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡി.വൈ. എസ്. പി, അസി. കമ്മീഷണർക്ക് കൈമാറണം. ഇര പട്ടിക ജാതി വിഭാഗത്തിലുള്ളതിനാൽ എസ്. സി, എസ്. ടി അതിക്രമ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക – താമസ സ്ഥലം മേൽവിലാസങ്ങൾ എന്നിവ കമ്മീഷനെ അറിയിക്കണം. ഇരയുടെ മേൽവിലാസവും കമ്മീഷനെ അറിയിക്കണം.
അതേസമയം, അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പോലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം.ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
Be the first to comment