തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് നടപടി.വേണുവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദേശീയ തലത്തിൽ അന്വേഷണം നടത്തണമെന്നും ദേശീയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് ഈ വിഷയത്തിൽ പരിശോധന നടത്തണമെന്നുമാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ആവശ്യം. ചികിത്സ നിഷേധിച്ചതാണ് വേണുവിന്റെ മരണത്തിന് കാരണമെന്നും വിഷ്ണു സുനിൽ പന്തളം കമ്മീഷനയച്ച പരാതിയിൽ പറയുന്നു.
അതേസമയം, കുടുംബത്തിന്റെ ആരോപണത്തിൽ ജോയിന്‍റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നൽകിയിരുന്നു. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.



Be the first to comment