രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. റിപ്പോർട്ടുകൾക്ക് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും മാർഗനിർദേശം പുറത്തിറക്കി.

അതേസമയം, ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് മധ്യപ്രദേശിലാണ് (14 കുട്ടികൾ). 11 മരണങ്ങളാണ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. രാജസ്ഥാനിലും മരുന്ന് കഴിച്ച നിരവധി കുട്ടികൾ നിരീക്ഷണത്തിലാണ്. ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*