തിരുവനന്തപുരം ജനത ഇടത് പക്ഷത്തിന് മാപ്പ് നൽകില്ലെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. ഈ ഭരണത്തിൻ കീഴിൽ ജനങ്ങൾക്ക് എവിടെയും നീതി ലഭിക്കുന്നില്ല. കേരളത്തിന്റെ തലസ്ഥാനത്ത് നദികളത്രയും മലിനം.
മാലിന്യ സംസ്കരണത്തിന് വേണ്ടത്ര സംവിധാനങ്ങളില്ല. ഗതാഗത കുരുക്കിന് പരിഹാരമില്ല. നിരവധി പ്രശ്നങ്ങൾ തിരുവനന്തപുരം അഭിമുഖീകരിക്കുന്നു. തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റിയാക്കി മാറ്റാൻ യുവ നേതൃനിരയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. പൊരുതാൻ കോൺഗ്രസ് പൂർണ്ണ സജ്ജമായിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. സ്ഥാനാർത്ഥി ഇല്ലാതെ ബി ജെ പിയുടെ ഹൈടെക് ഇലക്ഷൻ പ്രചരണംകൊണ്ട് എന്തു കാര്യം? ബിജെപി കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ ആത്മഹത്യയ്ക്ക് കാരണം തന്റെ പാർട്ടി എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണമാറ്റത്തിന് UDF വരണം.
നഗര ഹൃദയത്തിൽ പോലും വെള്ളമില്ല; എന്നിട്ടും പറയുന്നത് വികസനത്തിന്റെ പൂക്കാലമെന്ന്. മലിനീകരിക്കപ്പെട്ട തോടുകളും കിണറുകളുമാണ് ഈ നാടിന്റെ ശാപം. UDF കാലത്തെ വികസനങ്ങളായ റോഡുകൾ മിനുക്കി ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കൽ കോളജിലേക്ക് നടന്ന് പോകുന്ന രോഗികൾ മൂക്കിൽ പഞ്ഞിവെച്ച് തിരികെ പോകുന്നു. എന്നിട്ട് പറയുന്നത് ആരോഗ്യസമ്പൂർണ്ണ കേരളമെന്നും മുരളീധരൻ പരിഹസിച്ചു.
വി എസ് ശിവകുമാറിനെ മേയർ സ്ഥാനാർത്ഥിയാക്കാനിരിക്കെ ഹൈക്കമാന്റ് ആവശ്യപ്പെട്ടാണ് യുവ നേതൃത്വത്തിന് ചുമതല നൽകിയത്.അങ്ങനെ ശബരിനാഥനെ സ്ഥാനാർത്ഥിയാക്കി. മണക്കാട് സുരേഷിന്റെ രാജിയെ മുരളീധരൻ പരിഹസിച്ചു.
ഒരു പാട് തിരക്കുള്ളത് കൊണ്ട് മണ്ഡലം കോർ കമ്മിറ്റിയുടെ ചുമതല വഹിക്കാനാകുന്നില്ല. നേമം ഷജീർ പാർട്ടിക്ക് വേണ്ടി ഒരുപാട് തല്ലു കൊണ്ടയാൾ. ബി ജെ പി ക്കാരുടെയും മർദ്ദനമേറ്റയാൾ. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് മാറ്റം ഉണ്ടാകില്ല. പാർട്ടി സ്ഥാനാർത്ഥികൾ ശക്തരായി മുന്നോട്ട് പോകും. മണക്കാട് സുരേഷ് സ്വയം രാജിവെച്ചതാണ്. കെ പി സി സി ജന.സെക്രട്ടറിക്ക് ഒരു പാട് തിരക്കുകളുണ്ട്. എല്ലാം കൂടി വഹിക്കുക പ്രയാസകരമെന്നും മുരളീധരൻ പരിഹസിച്ചു.



Be the first to comment