ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണം; സൈബർ ആക്രമണങ്ങളോട് യോജിപ്പില്ല, രാഹുൽ ഈശ്വർ

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ വീട് സന്ദർശിച്ച് രാഹുൽ ഈശ്വർ. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഇന്ത്യൻ നിയമം അനുശാസിക്കുന്ന ഐടി ആക്ടും ആത്മഹത്യാ പ്രേരണാക്കുറ്റവും അടക്കമുള്ള വകുപ്പുകൾ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.

മറ്റൊരാളുടെ കണ്ടന്റിന് വേണ്ടി ആരുടേയും ജീവിതം ഇല്ലാതാവരുത് അപകീർത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണം. ദീപക് ജീവനൊടുക്കിയതിൽ സ്വതന്ത്ര അന്വഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ദീപക്കിന്റെ കുടുംബത്തിന് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ സഹായമായി നൽകി. 24 മണിക്കൂർ സേവനം ലഭ്യമാകുന്ന പുരുഷസഹായ സെല്ല് രൂപീകരിക്കും. അതുവഴി നിയമസഹായം ഉറപ്പാക്കും. പുരുഷാവകാശ കമ്മീഷൻ ബിൽ കഴിഞ്ഞ 11 മാസമായി നിയമസഭയിൽ കെട്ടിക്കിടക്കുകയാണ്. സ്ത്രീ വിരുദ്ധരെന്ന് ചാപ്പ കുത്തും എന്ന ഭയത്തിലാണ് ബിൽ പാസാക്കാൻ മടിക്കുന്നതെന്നും രാഹുൽ ഈശ്വർ ആക്ഷേപം ഉന്നയിച്ചു.

അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ഷിംജിതക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാണ്.ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തതോടെ ഷിംജിത ഒളിവിൽ പോകുകയായിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. അറസ്റ്റ് വൈകിയാൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*