ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് ഗോവിന്ദപുരത്ത് ബസില്‍ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. 

കൊലക്കുറ്റം തന്നെ ചുമത്തണം. കൊലപാതകം തന്നെയാണല്ലോ നടന്നത്. കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. ഞങ്ങള്‍ക്ക് പോയത് ഒരു അനുജനെയാണ്. ആ അമ്മയ്ക്കും അച്ഛനും ആകെ ഒരു മകനാണുള്ളത് – ബന്ധുക്കള്‍ പറഞ്ഞു.

വിഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപകിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി  പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന്‍ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.

ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും മാതാവ് പറഞ്ഞു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും ദീപകിന്റെ അമ്മ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന്‍ ആണ് ദീപക്.

ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന്‍ പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്ന് പിതാവ് പറഞ്ഞു.

ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സറുടെ ആരോപണം. സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കി. ബസില്‍ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*