
ക്രൈസ്തവർക്കെതിരായ ആർഎസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണെന്ന് ദീപിക കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ തോളിൽ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് നോക്കണമെന്നും വിമർശനം.
കേസരിയിലെ ലേഖനം വിഷലിപ്തമാണെന്ന് ദീപിക എഡിറ്റോറിയലിൽ വിമർശിച്ചു. ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് ഈ സംസ്ഥാനങ്ങൾ മതപരിവർത്തന ബില്ലുകൾ ചുട്ടെടുക്കുന്നതെന്ന് ദീപികയിൽ വിമർശനം.
വിദേശഫണ്ടിനെ കുറിച്ച് ഓർത്ത് വിഷമിക്കുന്ന ലേഖകൻ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ ഫണ്ട് എത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് എഡിറ്റോറിയൽ ലേഖനത്തിൽ കുറ്റപ്പെടുത്തി. ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച, അവിടെത്തന്നെ മക്കൾ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കൾ മതം മാറിയോ എന്ന് അന്വേഷിക്കണമെന്ന് ലേഖനത്തിൽ പറയുന്നു.
ആഗോള മതപരിവർത്തനത്തിൻ്റെ നാൾ വഴികൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ക്രൈസ്തവർക്കെതിരെ വിമർശനമുള്ളത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനടക്കം ശ്രമം ഉണ്ടെന്ന് ലേഖനത്തിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജുവാണ് ലേഖനം എഴുതിയത്.
Be the first to comment