ശശി തരൂരിനെതിരായ മാനനഷ്‌ട കേസ്; സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: ‘ശിവലിംഗത്തിലെ തേൾ’ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള അപകീര്‍ത്തി കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂർ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ശശി തരൂരിൻ്റെ ഹർജി പരിഗണിക്കുന്നത്.

സെപ്‌റ്റംബർ 10-ന് തരൂരിൻ്റെ ഹർജി പരിഗണിക്കവെ കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്‌ചത്തേക്ക് സ്റ്റേ ചെയ്‌തിരുന്നു. ഹർജിയിൽ പ്രതികരണം തേടി ഡൽഹി പോലീസിനും കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനും സുപ്രീം കോടതി നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തു.

കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ പ്രസ്‌താവന തൻ്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു രാജീവ് ബബ്ബര്‍ കേസ് നല്‍കിയത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പട്ട് തരൂര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറാവാതെ വന്നതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

2018 ഒക്ടോബറിൽ, പേര് വെളിപ്പെടുത്താത്ത ഒരു ആർഎസ്എസ് നേതാവ് മോദിയെ “ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനോട്” ഉപമിച്ചതായി തരൂർ അവകാശപ്പെട്ടിരുന്നു. ഇതാണ് നിലവിലെ കേസിന് ആധാരം.

 

Be the first to comment

Leave a Reply

Your email address will not be published.


*