ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു

കാരക്കസ്: വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച്ച പ്രാദേശിക സമയം 2.50(ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 12)ന് കാരക്കസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷൻ ചേംബറാണ് ഡെല്‍സി റോഡ്രിഗസിനെ ചുമതലയേൽപ്പിച്ചത്.

നിക്കോളാസ് മഡുറോയുടെയും മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളും നയങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കന്‍ നടപടി. ട്രംപ് ഭരണകൂടം നടത്തിയത് തീവ്രവാദനീക്കമാണെന്നും ഡെല്‍സി കൂട്ടിച്ചേത്തു.

സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായ ഡെല്‍സി റോഡ്രിഗസ് ‘ടൈഗര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവില്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റും ധനകാര്യ, എണ്ണ മന്ത്രിയുമാണ്. 56 വയസുകാരിയായ ഡെല്‍സി റോഡ്രിഗസ് 2018 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ്. ഹ്യൂഗോ ഷാവേസിന്റെ കാലം മുതല്‍ തന്നെ വെനസ്വേലയിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന നേതാവാണ് ഡെല്‍സി റോഡ്രിഗസ്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സിക്ക് സൈന്യം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*