ഡൽഹി വായു മലിനീകരണം: അതിർത്തിയിലെ ടോൾ പ്ലാസകൾ അടയ്ക്കണം, തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നൽകണം; സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർശന ഇടപെടലുമായി സുപ്രീം കോടതി. വായു മലിനീകരണ ഭീഷണി ഫലപ്രദമായി നേരിടാൻ ദീർഘകാല ആസൂത്രണം ആവശ്യമാണെന്ന് സുപ്രീം കോടതി ഉത്തരവ്. അതിർത്തികളിലെ ഒമ്പത് ടോൾ പ്ലാസകൾ താൽക്കാലികമായി അടച്ചുപൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി നിർദേശം.

ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, വായു ഗുണനിലവാരം അപകടകരമായ വിഭാഗത്തിൽ തന്നെ തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക 700 ൽ നിന്ന് 366 ആയി കുറയുന്നത് തൃപ്‌തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. ടോൾ പ്ലാസകൾ താൽക്കാലികമായി അടച്ചുപൂട്ടുകയോ മാറ്റുകയോ ചെയ്യുന്നത് പരിഗണിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും (എൻ‌എച്ച്‌എ‌ഐ) ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോടും (എം‌സി‌ഡി) ആവശ്യപ്പെട്ടു.

വായു മലിനീകരണ പ്രതിസന്ധിയെ “വാർഷിക സവിശേഷത” എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സി‌ജെ‌ഐ) സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

വായു മലിനീകരണം 700 (AQI) ന് പകരം, അത് 366 AQI ആയി കുറഞ്ഞുവെന്ന് പറഞ്ഞ് നമുക്ക് സ്വയം തൃപ്‌തിപ്പെടാം. എന്നാൽ കോടതിയ്‌ക്ക് ഇത് സംതൃപ്‌തികരമല്ല. ദീർഘകാല പദ്ധതിയെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. കുട്ടികളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടിള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

പാലിക്കപ്പെടാത്ത പ്രോട്ടോക്കോളുകൾ മാത്രം രൂപപ്പെടുത്തുന്നതിനുപകരം നിലവിലുള്ള നടപടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഊന്നൽ നൽകാമെന്നും കോടതി പരിഹസിച്ചു. ഗതാഗതം സുഗമമാക്കുന്നതിനും വാഹന മലിനീകരണം കുറയ്ക്കുന്നതിനും ഈ ടോൾ പ്ലാസകൾ താൽക്കാലികമായി അടച്ചിടാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഒരു ആഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ബെഞ്ച് എംസിഡിയോട് ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾ കാരണം നിർമ്മാണ തൊഴിലാളികളുടെ ഉപജീവനമാർഗത്തിൽ മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ചെലുത്തുന്ന സ്വാധീനവും ബെഞ്ച് പരിഗണിച്ചു. നിർമ്മാണ തൊഴിലാളികളെ അടിയന്തിരമായി പരിശോധിച്ച് സാമ്പത്തിക സഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബെഞ്ച് ഡൽഹി സർക്കാരിനോട് നിർദേശിച്ചു.

ഏകദേശം 2.5 ലക്ഷം തൊഴിലാളികളിടെയും ആയിരക്കണക്കിന് തൊഴിലാളികളുടെയും വിവരങ്ങൾ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബെഞ്ചിനെ അറിയിച്ചു. പണം നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്ന് ഭാട്ടി ബെഞ്ചിന് ഉറപ്പ് നൽകി.

അതേസമയം നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ഡൽഹി സർക്കാരിൻ്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അടച്ചുപൂട്ടൽ കുറച്ച് ദിവസത്തേക്ക് മാത്രമാണെന്നും അടുത്ത ആഴ്ച മുതൽ ശൈത്യകാല അവധിക്കാലം ആരംഭിക്കുമെന്നും ഉള്ളതിനാൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*