ഡല്‍ഹി ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെന്നതിന് സ്ഥിരീകരണമില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ പഠനത്തിനെത്തിയതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. മുപ്പത്തൊന്നുകാരനായ ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയാണ് ഡോ. മുഹമ്മദ് ആരിഫ്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ എംബിബിഎസ് വിദ്യാര്‍ഥികളുടെ പട്ടിക പരിശോധിച്ചിരുന്നു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ആരിഫ് പഠിച്ചത് കാണ്‍പൂരിലാണെന്നും എന്നാല്‍ ഇതേപേരില്‍ മറ്റൊരാള്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പഠിക്കുകയും ചെയ്തിരുന്നു. അയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറായി സേവനം ചെയ്തുവരികയാണ്. എന്നാല്‍ ഈ ഡോക്ടറുടെ ഫോട്ടോ ഉള്‍പ്പടെ പ്രചരിപ്പിച്ചായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
അറസ്റ്റിലായ ഡോക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പഠിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബുധനാഴ്ച കാണ്‍പൂരിലെ അശോക് നഗര്‍ ഏരിയയിലെ വാടക ഫ്ലാറ്റില്‍ നിന്നാണ് ആരിഫ് പിടിയിലായത്. ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണ് ആരിഫ് എന്നാണ് പുറത്തുവരുന്ന വിവരം. ആരിഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോള്‍ ആരിഫ് ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിന് അറസ്റ്റിലായ ഡോ. ഷഹീന് ഷാഹിദിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്.



Be the first to comment