ഡൽഹിയിലെ വായുമലിനീകരണം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണം. സമയബന്ധിതമായ കർമ്മ പദ്ധതി തയ്യാറാക്കാനും നിർദേശം നൽകി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡൽഹിയിലെയും നാല് അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാന മലിനീകരണ സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വായു മലിനീകരണത്തിനെതിരായ നിലവിലെ നടപടികൾ പഴയ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്. അതേസമയം ഡൽഹി വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക. കേസിൽ തുടർച്ചയായി വാദം കേട്ടശേഷം തീരുമാനം എടുക്കാനാണ് കോടതിയുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*