ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന് ജാമ്യമില്ല; അഞ്ച് പ്രതികള്‍ക്ക് കേസില്‍ ജാമ്യം

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. കേസില്‍ സുപ്രിംകോടതി ജാമ്യം നിഷേധിച്ചു. പ്രഥമദൃഷ്ട്യ പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ശന ഉപാധികളോടെ കേസിലെ മറ്റ് 5 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ല എന്നും കോടതി പരാമര്‍ശിച്ചു.

 

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും പങ്ക് തെളിയിക്കുന്ന മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. പ്രഥമ ദൃഷ്ട്യ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞു. കലാപം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണെന്നും കോടതി നീരീക്ഷിച്ചു. പ്രതികള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ ഗൗരവ സ്വഭാവം ഉള്ളത്. യുഎപിഎ നിയമപ്രകാരമുള്ള ജാമ്യവ്യവസ്ഥകള്‍ മറികടക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു.

 

ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമനും എതിരെ ഭീകരവാദ ആക്റ്റ്പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കും എന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതി എന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റ് അഞ്ച് പ്രതികളായ ഗള്‍ഫിഷ ഫാത്തിമ,മീരഹൈദര്‍, ഷിഫ ഉര്‍ റഫമാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 12 കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*