ന്യൂഡൽഹി: കൊടും ശൈത്യത്തിൽ വിറച്ച് ഡൽഹി. ഡിസംബർ ആദ്യവാരം മുതൽ രാജ്യ തലസ്ഥാനത്ത് തണുപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ശീത തരംഗം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നഗര പ്രദേശങ്ങളിലും രാവിലെ നേരിയ തോതിലുള്ള മൂടൽമഞ്ഞ് കാണപ്പെട്ടിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ശീത തരംഗം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പകൽസമയത്ത് താപനില താരതമ്യേന കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21°C മുതൽ 22°C വരെയാണ് താപനില പ്രതീക്ഷിക്കുന്നത്.
ഇന്ന് രാത്രി താപനില 4°C വരെ എത്തിയേക്കാം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും തണുപ്പുള്ള രാത്രികളിൽ ഒന്നായിരിക്കും ഇത്. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നഗര പ്രദേശങ്ങളിൽ കുറഞ്ഞത് 8°C മുതൽ 9°C വരെയാണ് താപനില പ്രതീക്ഷിക്കുന്നത്.
ഇന്നലെ, താപനിലയിൽ കുറവ് അനുഭവപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി 23.1°C, 5.6°C എന്നിങ്ങനെയായി താപനില കുറഞ്ഞു. വരാനിരിക്കുന്ന രാത്രികളിൽ പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ നഗരത്തിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ബവാന, വസീർപൂർ, ആനന്ദ് വിഹാർ, അക്ഷർധാം, ഗാസിപൂർ എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ കട്ടിയുള്ള മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറഞ്ഞതായും റിപ്പോർട്ട് ചെയ്‌തു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) തെരഞ്ഞെടുത്ത 30-ലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ വായുവിൻ്റെ ഗുണനിലവാരം വളരെ മോശമായാണ് കാണിക്കുന്നത്. ബവാനയാണ് വായു ഗുണനിലവാര സൂചികയിൽ ഏറ്റവും പിന്നിൽ. ദ്വാരക, നേതാജി സുഭാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലും വായു ഗുണനിലവാരം മോശമാണ്. വായു ഗുണനിലവാര സൂചികയിൽ നോയിഡയിൽ 333 ആണ് രേഖപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിൽ 304, ഫരീദാബാദിൽ 218, ഗാസിയാബാദ്, ഗുരുഗ്രാം 305,314 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
തെലങ്കാനയിൽ ശീത തരംഗം
തലസ്ഥാനമായ ഹൈദരാബാദ് ഉൾപ്പെടെ തെലങ്കാനയിലെ വിവിധ ജില്ലകളിൽ അടുത്ത കുറച്ച് ദിവസങ്ങളില്‍ ശീതതരംഗം അനുഭവപ്പെട്ടേക്കാം എന്ന് റിപ്പോർട്ട്. ഡിസംബർ 7 മുതൽ ഡിസംബർ 17 വരെ കടുത്ത ശീത തരംഗം അനുഭവപ്പെടുമെന്ന് സൈബരാബാദ് ട്രാഫിക് പൊലീസ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 8 നും 14 നും ഇടയിൽ താപനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈബറാബാദിലെ ഉൾപ്രദേശങ്ങളായ എച്ച്‌സിയു, സെരിലിംഗമ്പള്ളി, നാനക്രാംഗുഡ എന്നിവിടങ്ങളിൽ രാവിലെ കുറഞ്ഞ താപനില 6°C നും 8°C നും ഇടയിലാവാൻ സാധ്യതയുണ്ട്. ആദിലാബാദ്, കൊമ്രംഭീം ആസിഫാബാദ്, നിർമ്മൽ തുടങ്ങിയ വടക്കൻ ജില്ലകൾക്ക് പുറമേ, ഹൈദരാബാദിലും അയൽ ജില്ലകളായ രംഗറെഡി, മേദക്, മേഡ്‌ചൽ-മൽകാജ്‌ഗിരി, വികാറാബാദ്, ഭോംഗീർ എന്നിവിടങ്ങളിലും താപനില കുറഞ്ഞ് 11°C നും 15°C നും ഇടയിൽ ആവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടാഴ്‌ചയോളം ഉത്തരേന്ത്യൻ സമതലങ്ങളിൽ വരണ്ട തണുപ്പ് നിലനിൽക്കുന്നു.
സുരക്ഷിതമായി വാഹനമോടിക്കാനും, അതിരാവിലെ യാത്ര ജാഗ്രതയോടെ യാത്രകൾ ആസൂത്രണം ചെയ്യാനും അധികാരികൾ നിർദേശിക്കുന്നു. ഇന്ന് മുതൽ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഡിസംബർ 8 വരെ സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും കുറഞ്ഞ താപനില 11°C നും 15°C നും ഇടയിൽ ആയിരിക്കും. വാരാന്ത്യത്തിൽ ഈ പ്രവണത കൂടുതൽ പ്രകടമാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, ഡിസംബർ 8 വരെ രാവിലെയും രാത്രിയും നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശം ഉണ്ടാകുമെന്ന് കരുതുന്നു.
ജലദോഷം, പനി, അണുബാധ എന്നിവയിൽ നിന്ന് രക്ഷ നേടാം
ശൈത്യകാലത്ത് ജലദോഷത്തിൽ നിന്നും പനിയിൽ നിന്നും രക്ഷ നേടാനുള്ള നുറുങ്ങ് വിദ്യകൾ ഇതാ
- ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അല്ലെങ്കിൽ പൊതുസ്ഥലത്ത് പോകുമ്പോഴോ നിങ്ങളുടെ മൂക്കും വായയും മൂടുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക
- ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
- നിങ്ങളുടെ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
- പനി ഉണ്ടെങ്കിൽ, ജോലിസ്ഥലത്തോ സ്‌കൂളിലും പോകരുത്. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- ആവശ്യത്തിന് വിശ്രമിക്കുക, വേഗത്തിൽ സുഖം പ്രാപിക്കാൻ ശരീരത്തില്‍ ജലാംശം നിലനിർത്തുക.



Be the first to comment