ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധി നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവനിലെയും ഈ നടപടി. വിവാദമായപ്പോൾ പരിപാടിയിലെ പങ്കാളിത്തം ‘ഓപ്‌ഷണൽ’ ആണെന്നുള്ള ലോക്ഭവൻ അധികൃതരുടെ വിശദീകരണം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു പ്രധാന ആഘോഷദിവസം ഓഫീസിൽ ഹാജരാകാൻ പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴിൽ നീതിക്ക് നിരക്കാത്തതുമാണ്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കെ ‘ഓപ്‌ഷണൽ’ എന്നത് പേരിന് മാത്രമായി മാറും.സാർവദേശീയമായ ഒരു ആഘോഷദിനത്തെ ഇത്തരത്തിൽ പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.



Be the first to comment