വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്.കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയാണ് ഐഎം വിജയന്‍. 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്‌സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്കായി കളിച്ചു.

1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*